Tuesday, August 22, 2006

അതിര്‍ത്തിയാത്രകള്‍

തിയോ ആഞ്ജലോപൗലോ
പുനരെഴുത്ത്‌: പി. അജിത്‌

തങ്ങളുടെ പുരുഷന്മാരെ കൊലപ്പെടുത്തിയ സ്ത്രീകളെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ 1960 കളുടെ അവസാനത്തില്‍ എന്റെ ശ്രദ്ധയില്‍പെട്ടു. ഗ്രീസിന്റെ എറ്റവും ദരിദ്രവും അപരിഷ്കൃതവുമായ എപ്പിറസ്‌ എന്ന പ്രദേശത്ത്‌ ഇത്തരം സംഭവങ്ങള്‍ വളരെ പെട്ടെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അത്തരത്തിലുള്ള ഒരു മരണം നടന്ന ഒരു ഗ്രാമം സന്ദര്‍ശിക്കാന്‍ 1970 ലെ തണുത്ത ഒരു പ്രഭാതത്തില്‍ ഞാന്‍ തീരുമാനിച്ചു. ഒരു പത്രപ്രവര്‍ത്തകന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട്‌ ഈ സംഭവങ്ങല്‍ളെ അന്വേഷിക്കുകയായിരുന്നു ഉദ്ദേശ്യം. അങ്ങനെയാണ്‌ എന്റെ ആദ്യ സിനിമ Reconstruction രൂപം കൊള്ളുന്നത്‌.

കഥ നടക്കുന്ന ഗ്രാമത്തിലെ ഒരു ഇരുണ്ട വൈകുന്നേരം. പ്രകൃതി മുഴുവന്‍ ചാരനിറത്തിന്റെ പല ഛായകള്‍. നരച്ച ആകാശം, നിറങ്ങളൊലിച്ചുപോയ കൊച്ചു വീടുകള്‍, ഇരുണ്ട പാറക്കൂട്ടങ്ങള്‍... മഴ ചാറിക്കൊണ്ടിരുന്നു. നേര്‍ത്ത മൂടല്‍മഞ്ഞ്‌ മലകളെ മറച്ചു. ഗ്രാമം ഏതാണ്ട്‌ വിജനമാണ്‌. നല്ലൊരു ഭാഗം ആളുകളും മെച്ചപ്പെട്ട ഒരു ജീവിതം സ്വപ്നം കണ്ടുകൊണ്ട്‌ ജര്‍മനിയിലേക്ക്‌ കുടിയേറിക്കഴിഞ്ഞിരുന്നു. കറുപ്പില്‍ മൂടിപ്പുതച്ച കുറച്ചു വയസ്സിത്തള്ളകള്‍ മാത്രം കണ്ണുപൊട്ടിയ പ്രേതങ്ങളേപ്പോലെ ഇരുണ്ട തെരുവുകളിലൂടെ തപ്പിത്തടഞ്ഞു നടന്നു. ഒരു നിമിഷം! ഒരു പഴയ പാട്ട്‌ എവിടെനിന്നോ കേള്‍ക്കാറായി. വരണ്ട്‌ തൊണ്ടകീറിയ വൃദ്ധമായ ആ ശബ്ദം പാടുന്നത്‌ വീട്ടുമുറ്റത്തെ തളിര്‍ക്കുന്ന നാരകച്ചെടിയെപ്പറ്റിയുള്ള ഒരു പഴയ പാട്ടായിരുന്നു. ആ മാന്ത്രികമായ നിമിഷം ജീവിതം മുഴുവന്‍ എന്നെ പിന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു - നേര്‍ത്ത മഴച്ചാറ്റല്‍, മൂടല്‍മഞ്ഞ്‌, ഇരുണ്ട പാറക്കൂട്ടങ്ങള്‍, കറുപ്പില്‍ മൂടിപ്പുതച്ച പ്രേതങ്ങളെപ്പോലെ തോന്നിക്കുന്ന വൃദ്ധകള്‍, ഏകാകിയായ വയസ്സന്റെ പാട്ട്‌. കുടിയൊഴിഞ്ഞുകൊണ്ടിരിക്കുന്ന അഭയാര്‍ത്ഥികളുടെ നിരന്തരപ്രവാഹങ്ങളാല്‍ ചോരവാര്‍ന്നുകൊണ്ടിരിക്കുന്ന ഒരു നാടിന്റെ പ്രതീകമായിരുന്നു എനിക്കു ലോകത്തിന്റെ ഏതോ മറക്കപ്പെട്ട മൂലയിലുള്ള ആളൊഴിഞ്ഞ ഈ ഗ്രാമം; ഒരു പഴയ പ്രണയഗാനം മാത്രം അവശേഷിയ്ക്കുന്നു.

1962 ലാണ്‌ തുടക്കം. പശ്ചിമ ജര്‍മന്‍ സബ്സിഡികള്‍ ഗ്രീക്കുപൗരന്മാര്‍ക്ക്‌ ജര്‍മനിയില്‍ ജീവിയ്ക്കാനും തൊഴിലെടുക്കാനുമുള്ള അനുവാദം നല്‍കി. ഗ്രീക്കു പത്രങ്ങളില്‍ ഈ വിഷയം ചൂടുള്ള ഒരു ചര്‍ച്ചയായിരുന്നു. ഈ കുടിയൊഴിയല്‍ ഒരു മഹാ ദുരന്തമാണെന്ന് ചിലര്‍ കരുതി. മറ്റുചിലര്‍ക്ക്‌ ഇത്‌ തീര്‍ത്തും ആശ്വാസകരമായിരുന്നു. കാരണം, നല്ലൊരു വിഭാഗം തൊഴിലാളികള്‍ കുടിയൊഴിഞ്ഞുപോവുകയാണെങ്കില്‍ സംഘടിതമായ ഒരു തൊഴിലാളിവര്‍ഗ്ഗത്തെ അവര്‍ക്ക്‌ ഭയപ്പെടേണ്ടി വരില്ല - ഭരണകൂടം കൂടുതല്‍ സുരക്ഷിതമാകുന്നു. പട്ടാളഭരണകൂടത്തിന്റെ താല്‍പ്പര്യം തീര്‍ച്ചയായും തങ്ങളുടെ പ്രതിയോഗികള്‍ മുഴുവന്‍ രാജ്യം വിടുന്നതാണ്‌. എന്റെ സുഹൃത്തുക്കളെല്ല്ലാം അക്കാലത്തു രാജ്യത്തിനു പുറത്തായിരുന്നു; അല്ലെങ്കില്‍ തടങ്കല്ലില്‍. അവര്‍ക്കുവേണ്ടിയാണ്‌ ഞാന്‍ Reconstruction നിര്‍മ്മിച്ചത്‌ - ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന എന്റെ നാടിന്‌ ഒരു മരണഗാനം.

എന്തുകൊണ്ടൊക്കെയോ, ഗ്രീക്കുകാര്‍ എന്നും നാടുകടത്തപ്പെട്ടവരായിരുന്നു. ഗ്രീക്കുകാര്‍ ജന്മം കൊണ്ടേ യാത്രികരാണ്‌. ചെന്നെത്തുന്ന ഇടങ്ങളിലെല്ലാം അവര്‍ കോളനികള്‍ നിര്‍മ്മിക്കുന്നു; എന്നിട്ട്‌ തിരിച്ചു പോകുന്നതിനെ കിനാവുകാണുന്നു; ഒഡീസ്സിയസ്സ്‌ എല്ലാ വൈകുന്നേരങ്ങളിലും പെനലോപ്പിനെ ഓര്‍ത്തുകരയുന്നു. 'Nostos' ഞങ്ങളുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമാണ്‌. വീട്ടിലേയ്ക്കുള്ള തിരിച്ചുപോക്കിനെപ്പറ്റി ഹോമര്‍ പറയുന്നുണ്ട്‌ - 'Nostimon Imarര്‍'. എനിയ്ക്കുതോന്നാറുണ്ട്‌ ഞാന്‍ പല കഥകളില്‍, പല രൂപങ്ങളില്‍ പറയാന്‍ ശ്രമിയ്ക്കുന്നത്‌ ഒരേ ഒഡീസ്സിതന്നെയാണെന്ന്. അനാദിയായ യാത്രയുടെ കഥ. അത്‌ യാത്രികനെ വീട്ടിലേയ്ക്കെത്തിക്കുന്നില്ല്ല. കാരണം, ഒഡീസ്സിയസ്സ്‌ ഇത്താക്കയില്‍ തന്റെ യാത്ര അവസാനിപ്പിയ്ക്കുകയല്ല ചെയ്തത്‌. അയാള്‍ വീണ്ടും ഒരു യാത്ര പുറപ്പെടുകയും പാതവക്കില്‍ എവിടെയോ വച്ച്‌ ഒരു അവധൂതനെപ്പോലെ മരിയ്ക്കുകയും ചെയ്തു - അങ്ങനെയാണ്‌ പഴങ്കഥ. കഥയ്ക്ക്‌ ഹൊമറിന്റെ കാവ്യഭാഷ്യത്തെക്കാള്‍ ദുരന്തപൂര്‍ണമായ അന്ത്യമാണുള്ളത്‌.

പലമാത്രകളില്‍ പുനരാവര്‍ത്തിക്കപ്പെടുന്ന ഒരേ ദുരന്തകഥ - ദേശാന്തരത്തിന്റെ വൈയക്തിക കാവ്യങ്ങള്‍, അതിജീവനത്തിനും സന്തുലനത്തിനും വേണ്ടിയുള്ള ദുര്‍ബല ശ്രമം, അനിവാര്യമായ ദുരന്തങ്ങള്‍, മറ്റ്‌ എവിടേക്കോ തുടരുന്ന യാത്ര - കാരണം, അന്വേഷിച്ചതു കണ്ടെത്തുന്നതില്‍ നാം പരാജയപ്പെടുന്നു. പ്രവാസം, പിറന്ന മണ്ണില്‍നിന്നും പറിച്ചെറിയപ്പെട്ട മനുഷ്യരുടെ നിരന്തരമായ അഭയാന്വേഷണപ്രവാഹങ്ങള്‍, അതിര്‍ത്തികള്‍ - ഇവയെല്ലാം നമ്മുടെ കാലത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളാണ്‌. 'അഭയാര്‍ത്ഥിത്വ'ത്തിലേക്കുള്ള എന്റെ നിരന്തരമായ ഈ തിരിച്ചുവരല്‍ നമ്മുടെ സ്വത്വവും അതിന്റെക്കുറിച്ചുള്ള ബോധവും തമ്മിലുള്ള ഒരു നിരന്തര സംവാദത്തിന്റെ ഭാഗമാണെന്നു ഞാന്‍ കരുതുന്നു. വീട്ടിലേക്കുള്ള നീണ്ട മടക്കയാത്രയില്‍ കയ്യിലുള്ളതെല്ലാം തുടര്‍ച്ചയായി നഷ്ടപ്പെടുന്ന ഒരാളെപ്പോലെ, അഭയാര്‍ത്ഥിത്വം, ബാഹ്യമായ അവസ്ഥയെക്കാള്‍ ഒരു ആന്തരീകാവസ്ഥയാണ്‌. എനിക്കു തോന്നുന്നു, ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക്‌ പറന്നുകൊണ്ടിരിക്കുന്ന ദേശാടനക്കിളികളാണ്‌ നമ്മളെല്ലാം എന്ന്. Suspended step of the stork ലെ അഭയാര്‍ഥി പറയുന്നു - "എത്രയോ അതിര്‍ത്തികള്‍ മുറിച്ചുകടന്നിട്ടും നമ്മള്‍ ഇപ്പോഴും ഇവിടെത്തന്നെ. ഇനിയും എത്ര അതിരുകള്‍ താണ്ടണം നമുക്ക്‌ വീട്ടിലേയ്ക്കെത്താന്‍?"

Eternity and a day യില്‍ അലക്സാണ്ടര്‍ കണ്ടുമുട്ടുന്ന അല്‍ബേനിയന്‍ അഭയാര്‍ത്ഥി ബാലന്‍ അലക്സാണ്ടറുമായി വിചിത്രവും രസാവഹവുമായ ഒരു കളിയിലേര്‍പ്പെടുന്നുണ്ട്‌. കുട്ടി ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക്‌ ഊളിയിടുകയും ഓരോ തവണയും ഒരു പുതിയ വാക്ക്‌ മുങ്ങിത്തപ്പുകയും ചെയ്യുന്നു. ഓരോ വാക്കിനും പകരമായി അലക്സാണ്ടര്‍ കുട്ടിയ്ക്ക്‌ ഒരു നാണയം സമ്മാനിയ്ക്കുന്നു. അതില്‍ മൂന്നു വാക്കുകള്‍ അലക്സാണ്ടറില്‍ എങ്ങനെയോ അവശേഷിയ്ക്കുന്നുണ്ട്‌. അയാളുടെ ജീവിതം മുഴുവന്‍ വിചിത്രമാം വിധം ആ വാക്കുകളില്‍ പ്രതിഫലിക്കുന്നു - 'korfulamu, xenitis, argathini'.

Korfulamu അതിലോലമായ ഒരു പദമാണ്‌ - 'ഒരു പൂവിന്റെ ഹൃദയം' എന്നാണ്‌ അതിന്റെ പദാനുപദ സംഗ്രഹം. ഗ്രീക്കില്‍ അത്‌ ഉപയോഗിയ്ക്കുന്നത്‌ അമ്മയുടെ കൈകളില്‍ കിടന്നുറങ്ങുന്ന ഒരു കുഞ്ഞിന്റെ മനസ്സിനെ സൂചിപ്പിക്കാനാണ്‌. 'അര്‍ഗതിനി' എന്നാല്‍ 'രാത്രിയേറെ വൈകി' എന്നര്‍ത്ഥം. 'xenitis' എന്ന വാക്ക്‌ എനിയ്ക്കു കളഞ്ഞുകിട്ടിയത്‌ ഒരു പഴയ നാവികനില്‍ നിന്നാണ്‌ - ഒരു കടല്‍ക്കൊള്ളക്കാരന്‍. ഇന്നു ഞങ്ങളുടെ ഭാഷയില്‍ പരിപൂര്‍ണ്ണമായി വിസ്മരിയ്ക്കപ്പെട്ട ഒരു വാക്കാണിത്‌. അതിന്റെ വേരുകള്‍ 'അപരിചിതന്‍' എന്ന വാക്കിലെവിടെയോ ആണ്‌. 'xenos' ആണ്‌ അപരിചിതന്‍. പക്ഷേ, xenitis എന്നാല്‍ എവിടെയും സ്വയം അപരിചിതനായി അനുഭവപ്പെടുന്ന ഒരാള്‍ - സാര്‍വ്വലൗകികമായ അപരിചിതത്വം. എന്റെ നാടുതന്നെ അപരിചിതമായി എനിയ്ക്ക്‌ ചിലപ്പോള്‍ അനുഭവപ്പെടുന്നു. Suspended step of the strok ലെ കഥാപാത്രത്തെപ്പോലെ പിറന്ന നാട്ടിലെ ഒരു പൊളിറ്റിക്കല്‍ റെഫിയൂജിയാണു ഞാന്‍ എന്നു വിളിച്ചുപറയുവാന്‍ എനിയ്ക്ക്‌ പലപ്പോഴും തോന്നാറുണ്ട്‌.

___________________________________________________________
തിയോ ആഞ്ജലോപൗലോ: ഗ്രീക്ക്‌ ചലച്ചിത്രകാരന്‍. പ്രധാന ചിത്രങ്ങള്‍ - The travelling players, Landscape in the mist, Suspended step of the stork, Ulysus gaze, Eternity and a day, Trilogy: Weeping meadow.

3 Comments:

Blogger അനോമണി said...

അജിത്ത്..
കുറച്ച് നാളുകള്‍ക്ക് ശേഷം ബ്ലൊഗുകളിലേക്ക് വന്ന് ഒന്ന് എത്തിനോക്കിയതാണ്. വലരെ ഉന്മേഷം തരുന്ന എഴുത്തിനു് നന്ദി. എവിടെയൊ എന്നോ നമ്മളാരുടെതോ ആയ അനുഭവങ്ങള്‍. അവ്യക്തമായ ഏതോ ഓര്‍മ്മകളിലൂടെ കടന്നു പോയപോലെ. പൌലൊയെ അറിയുന്നവര്‍ക്ക് സിനിമയിലെ ശബ്ദങ്ങള്‍ ചെവിയില്‍ മുഴങ്ങുന്നതുപോലെ.

6:49 AM  
Blogger ലാപുട said...

നന്നായിരിക്കുന്നു അജിത്ത്...
ഇനിയും പ്രതീക്ഷിക്കുന്നു ഇത്പോലുള്ള പുതുമകള്‍..

7:34 AM  
Blogger P. Ajith said...

സഖാക്കളെ, സുഹ്രുത്തുക്കളെ, വളരെ നന്ദി.

9:08 AM  

Post a Comment

<< Home